"ആദ്യം തന്നിൽ തന്നെ വിശ്വാസമുള്ളവരാകുക, പിന്നെ ഈശ്വരനിലും" - സ്വാമി വിവേകാനന്ദൻ;"വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും" - കുഞ്ഞുണ്ണിമാഷ്;"മനുഷ്യനെ കൊല്ലാനുള്ള ഒരു ആയുധവും കണ്ടുപിടിച്ചിട്ടില്ല എന്ന കാര്യത്തിൽ എനിക്ക് അഭിമാനമുണ്ട്" - എഡിസൺ;"നിങ്ങള്‍ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. പക്ഷേ, അങ്ങനെ പറയാനുള്ള നിങ്ങളുടെ അവകാശത്തിനുവേണ്ടി മരിക്കാനും ഞാന്‍ തയ്യാറാണ്"- വോള്‍ട്ടയര്‍ ; "വിജ്ഞാനത്തിന്റെ ആദ്യ അടയാളം ശാന്ത സ്വഭാവം, രണ്ടാമത് വിനയം" - ശ്രീരാമകൃഷ്ണ പരമഹംസൻ

സീറ്റ്‌ നിഷേധത്തിന്റെ നാള്‍വഴികള്‍

2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യം സീറ്റ്‌ നിഷേധിച്ചുകൊണ്ട്‌ പ്രതിപക്ഷ നേതാവായിരിക്കെ വി.എസ്‌. ഏറ്റെടുത്തു നയിച്ച സമരങ്ങളേയും പ്രക്ഷോഭങ്ങളെയും പാര്‍ട്ടി നിരാകരിച്ചു. മുഖ്യമന്ത്രിയായിരിക്കെ വി.എസ്‌. നീങ്ങിയ വഴികളും തങ്ങളുടെതല്ലെന്നു സീറ്റ്‌ നിഷേധത്തിലൂടെ സി.പി.എം. ഒരിക്കല്‍കൂടി വ്യക്‌തമാക്കി. ഇനി അറിയാനുള്ളത്‌ അധികാര സ്‌ഥാനങ്ങളില്‍നിന്നു നിഷ്‌കാസിതനാകുന്ന ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന ഈ കമ്മ്യൂണിസ്‌റ്റ് നേതാവിന്‌ എന്തു നിലപാടു സ്വീകരിക്കാനാകുമെന്നാണ്‌.

മേയ്‌ 18ന്‌ മുഖ്യമന്ത്രി സ്‌ഥാനം ഒഴിയുന്നതോടെ സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗമായി മാത്രം ചുരുങ്ങുന്ന വി.എസ്‌. ആയിരിക്കുമോ കൂടുതല്‍ ശക്‌തന്‍ എന്നതു കാലം ഉത്തരംതേടുന്ന ചോദ്യമാണ്‌. വി.എസ്‌. അധികാരസ്‌ഥാനങ്ങളില്‍നിന്നു പടിയിറങ്ങുമ്പോള്‍ അദ്ദേഹം സമൂഹത്തിനു മുമ്പില്‍ ഉയര്‍ത്തിയ ഒരു ഡസനോളം ജനകീയ പ്രക്ഷോഭങ്ങളുടെയും അഴിമതി കേസുകളുടെയും ഭാവി എന്താകുമെന്ന ആശങ്ക ഉയരുന്നതും സ്വാഭാവികമാണ്‌.

ഇ.എം.എസും ഇ.കെ. നായനാരും നയിച്ച സി.പി.എമ്മില്‍ വി.എസ്‌. അച്യുതാനന്ദന്‍ എന്ന കര്‍ഷകത്തൊഴിലാളി നേതാവ്‌ ഇത്രമേല്‍ ചര്‍ച്ചയാകാന്‍ കാരണം അദ്ദേഹം പിന്നിട്ട വഴികളിലെ വ്യത്യസ്‌തതയും പോരാട്ടങ്ങളുടെ തീക്ഷ്‌്ണതയും തന്നെയാണ്‌. മിക്ക ജനകീയപ്രക്ഷോഭങ്ങളും കേസുകളും വി.എസ്‌. നയിച്ചത്‌ പാര്‍ട്ടിയുടെ കുടക്കീഴില്‍ നിന്നല്ലായിരുന്നു. ചില പ്രക്ഷോഭങ്ങളോടു പാര്‍ട്ടിക്കും സമരസപ്പെട്ടു പോകേണ്ടി വന്നപ്പോള്‍ ചിലതു പാര്‍ട്ടിക്കുള്ളിലും ഭൂകമ്പങ്ങളുണ്ടാക്കി. തന്റെ നിലപാടില്‍നിന്നു വ്യതിചലിക്കാന്‍ വി.എസ്‌. തയാറായിരുന്നുമില്ല.

*വെട്ടി നിരത്തല്‍: ആഗോളവല്‍കരണ നീക്കങ്ങള്‍ക്കെതിരേ വി.എസ്‌. നടത്തിയ വെട്ടിനിരത്തല്‍സമരം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. തന്റേതായ പ്രക്ഷോഭശൈലിക്കു വി.എസ്‌. തുടക്കമിട്ടതും വെട്ടിനിരത്തില്‍ എന്ന്‌ ആക്ഷേപിക്കപ്പെട്ട സമരത്തിലൂടെയായിരുന്നു. തൊഴിലാളിവര്‍ഗ പാര്‍ട്ടിയില്‍ വി.എസിനെ പോലുള്ള നേതാവിനു മാത്രം നയിക്കാവുന്ന സമരമായിരുന്നു ഇത്‌.

*കഞ്ചാവ്‌ വേട്ട: സംസ്‌ഥാനത്ത വനങ്ങളില്‍ വ്യാപകമായിരുന്ന കഞ്ചാവു കൃഷി അവസാനിച്ചത്‌ വി.എസ്‌. നടത്തിയ ഇടപെടലിനേത്തുടര്‍ന്നായിരുന്നു. പ്രതിപക്ഷ നേതാവായിരിക്കെ വി.എസ്‌. ഇടുക്കി ജില്ലയിലെയും മറ്റും ഉള്‍വനങ്ങളില്‍ ചെന്ന്‌ കഞ്ചാവ്‌കൃഷിസ്‌ഥലങ്ങള്‍ നേരിട്ടു കണ്ട്‌ ബോധ്യപ്പെട്ട്‌ സര്‍ക്കാരിനു മുമ്പില്‍ അവതരിപ്പിച്ചു. വി.എസ്‌. നിരന്തരമായി നടത്തിയ ഇടപെടലിലൂടെ കഞ്ചാവു മാഫിയകളെ തളയ്‌ക്കാനായി.

*ചന്ദനമാഫിയക്കെതിരേ: സംസ്‌ഥാനത്തിന്റെ ഉറക്കം കെടുത്തിയതായിരുന്നു ചന്ദനമാഫിയകളുടെ താണ്ഡവം. കേരളത്തിന്റെ ക്രമസമാധാന രംഗത്തേയും ചന്ദനമാഫിയ തകര്‍ത്ത കാലമുണ്ടായിരുന്നു. വി.എസ്‌. പ്രതിപക്ഷ നേതാവായിരിക്കെ ചന്ദനമാഫിയക്കെതിരേ നടത്തിയ പ്രക്ഷോഭം എണ്ണമറ്റതായിരുന്നു. സംസ്‌ഥാനത്ത്‌ അനധികൃതമായി പ്രവര്‍ത്തിക്കുന്ന നിരവധി ചന്ദനഫാക്‌ടറികള്‍ അടച്ചുപൂട്ടി. പല രാഷ്‌ട്രീയ നേതാക്കളും ഇതോടെ വി.എസിനെതിരായി.

*എന്‍ഡോസള്‍ഫാന്‍: പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ദുരിതമഴ പെയ്യിച്ച കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക്‌ ആശ്വാസത്തിന്റെ കൈത്താങ്ങായതു വി.എസ്‌. നടത്തിയ ഇടപെടലിനെത്തുടര്‍ന്നായിരുന്നു. കനിവുള്ള രാഷ്‌ട്രീയക്കാരില്‍നിന്നും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഏറെ പ്രതീക്ഷിക്കുന്നുമുണ്ട്‌.

*മൂന്നാര്‍ കൈയേറ്റം: സര്‍ക്കാര്‍ ഭൂമി കൈയ്യേറുന്ന മാഫിയകള്‍ക്കെതിരേ പ്രതിപക്ഷ നേതാവായിരിക്കെ വി.എസ്‌. ആരംഭിച്ച സമരം മുഖ്യമന്ത്രിയായപ്പോഴും ശക്‌തമായി തുടര്‍ന്നു. വി.എസ്‌. തുടക്കമിട്ട ഈ പേരാട്ടത്തിലൂടെ ആയിരക്കണക്കിന്‌ ഏക്കര്‍ അന്യാധീനപ്പെട്ട സര്‍ക്കാര്‍ഭൂമി പിടിച്ചെടുത്തു. മൂന്നാര്‍ കൈയ്യേറ്റമൊഴിപ്പിക്കലോടെ പാര്‍ട്ടി വി.എസിനെതിരായെങ്കിലും ഭൂമാഫിയകളെ നിലയ്‌ക്കു നിര്‍ത്താന്‍ വി.എസിനായി. ഭൂമാഫിയകളുമായി മുന്നണി വ്യത്യാസമില്ലാതെ രാഷ്‌ട്രീയ നേതാക്കള്‍ അവിശുദ്ധ ബന്ധം തുടരുമ്പോള്‍ വി.എസ്‌. ഉയര്‍ത്തിയ വെല്ലുവിളി ചെറുതല്ലായിരുന്നു.

*പെണ്‍വാണിഭം: പ്രതിപക്ഷ നേതാവായിരിക്കെ പെണ്‍വാണിഭക്കാരെയും സ്‌ത്രീപീഡനക്കാരേയും നിയമത്തിനു മുമ്പില്‍ കൊണ്ടു വരാന്‍ വി.എസ്‌. നിരവധി ഇടപെടലുകള്‍ നടത്തി. സി.പി.എമ്മിലെ ചില നേതാക്കളെപ്പോലും പ്രതിസന്ധിയിലാക്കുന്നതായിരുന്നു വി.എസ്‌. നടത്തിയ ഇടപെടലുകള്‍. കിളിരൂര്‍, കവിയൂര്‍, കോഴിക്കോട്‌ ഐസ്‌ക്രീം പാര്‍ലര്‍ കേസിലും വി.എസിന്റെ ഇടപെടലുകള്‍ ഉണ്ടായി.

*ലോട്ടറി മാഫിയക്കെതിരേ: വി.എസ്‌. പ്രതിപക്ഷ നേതാവായിരിക്കെയാണ്‌ അന്യസംസ്‌ഥാന ലോട്ടറി മാഫിയക്കെതിരേയുള്ള പോരാട്ടം തുടങ്ങുന്നത്‌. മുഖ്യമന്ത്രിയായിരിക്കുമ്പോഴും തുടര്‍ന്ന ഈ പോരാട്ടം സംസ്‌ഥാനത്തു അന്യ സംസ്‌ഥാന ലോട്ടറികളുടെ വില്‍പന അവസാനിപ്പിച്ചതില്‍ എത്തിനില്‍ക്കുകയാണ്‌. അന്യസംസ്‌ഥാന ലോട്ടറിയുടെ മറവില്‍ നടന്ന വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പശ്‌ചാത്തലത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു കത്തെഴുതിയിരിക്കുകയാണു വി.എസ്‌. ധനമന്ത്രി ഡോ. തോമസ്‌ ഐസക്കിനെ പ്രതികൂട്ടിലാക്കുന്നതു കൂടിയാണ്‌ ലോട്ടറി വിഷയത്തിലുള്ള വി.എസിന്റെ ഇടപെടലുകള്‍.

*അഴിമതിക്കെതിരേ: സംസ്‌ഥാന ഖജനാവില്‍നിന്നും കോടികള്‍ നഷ്‌ടപ്പെടുത്തിയ അഴിമതികേസുകളില്‍ വി.എസ്‌. മുഖം നോക്കാതെ ഇടപെട്ടു. നീണ്ട പോരാട്ടത്തിനിടയില്‍ ഇടമലയാര്‍ കേസില്‍ മുന്‍ മന്ത്രി ആര്‍. ബാലകൃഷ്‌ണപിള്ളയ്‌ക്ക് ഒരു വര്‍ഷത്തെ കഠിനതടവും വാങ്ങി നല്‍കാനായി. പാമോലിന്‍ കേസ്‌, കുരിയാര്‍കുറ്റി കേസ്‌, ഗ്രാഫൈറ്റ്‌ കേസ്‌, ഒടുവില്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിയായ ലാവ്‌ലിന്‍ കേസിലും വി.എസിന്റെ ഇടപെടലുകള്‍ ഉണ്ടായി. പാര്‍ട്ടിയേയും വി.എസിനെയും അകറ്റിയതും ലാവ്‌ലിന്‍ കേസായിരുന്നു.

0 comments:

Post a Comment