"ആദ്യം തന്നിൽ തന്നെ വിശ്വാസമുള്ളവരാകുക, പിന്നെ ഈശ്വരനിലും" - സ്വാമി വിവേകാനന്ദൻ;"വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും" - കുഞ്ഞുണ്ണിമാഷ്;"മനുഷ്യനെ കൊല്ലാനുള്ള ഒരു ആയുധവും കണ്ടുപിടിച്ചിട്ടില്ല എന്ന കാര്യത്തിൽ എനിക്ക് അഭിമാനമുണ്ട്" - എഡിസൺ;"നിങ്ങള്‍ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. പക്ഷേ, അങ്ങനെ പറയാനുള്ള നിങ്ങളുടെ അവകാശത്തിനുവേണ്ടി മരിക്കാനും ഞാന്‍ തയ്യാറാണ്"- വോള്‍ട്ടയര്‍ ; "വിജ്ഞാനത്തിന്റെ ആദ്യ അടയാളം ശാന്ത സ്വഭാവം, രണ്ടാമത് വിനയം" - ശ്രീരാമകൃഷ്ണ പരമഹംസൻ

മനോജും അബ്‌ദുള്ളക്കുട്ടിയും പിന്നെ മതവും


ഡോ. കെ.എസ്‌. മനോജിന്റെ രാജിയും തുടര്‍ന്നുള്ള സംഭവവികാസങ്ങളും അതിനോടു സി.പി.എം. സെക്രട്ടറിയുടെ പ്രതികരണവും കൊണ്ടു കേരളത്തിന്റെ രാഷ്‌ട്രീയാന്തരീക്ഷം മുഖരിതമാണ്‌. ഇതിനിടയില്‍ സക്കറിയയ്‌ക്കെതിരേ പയ്യന്നൂരില്‍ നടന്ന കൈയേറ്റം കൂടി വന്നപ്പോള്‍ മാധ്യമശ്രദ്ധ അല്‍പം മാറിപ്പോയി. ഈ രണ്ടു പ്രശ്‌നത്തിലും പിണറായി വിജയന്‍ ഒരേ വേദിയില്‍ നിന്നു പ്രതികരിച്ചുവെന്നതാകും ഇതിനൊരു കാരണം. ഇവ രണ്ടും കൂട്ടിച്ചേര്‍ക്കുന്നതു തന്നെ വസ്‌തുതകള്‍ മറച്ചുപിടിക്കാന്‍ മാത്രമേ സഹായിക്കൂ. സക്കറിയ പ്രശ്‌നം പിന്നീടൊരിക്കല്‍ പറയാം. എങ്കിലും ഒരുകാര്യം അതില്‍ പ്രസക്‌തമായതു പറയാം.


പയ്യന്നൂരിലെ യോഗത്തില്‍ സക്കറിയ പ്രസംഗിച്ചതെന്താണെന്നു വിശദീകരിക്കാനും (അതു സത്യമല്ലെന്ന സക്കറിയയുടെ വാദമവിടെ നില്‍ക്കട്ടെ. സത്യം തന്നെയെന്നു കരുതുക.) പ്രസംഗത്തില്‍ സ്വീകരിക്കേണ്ട പെരുമാറ്റച്ചട്ടം പഠിപ്പിക്കാനും പിണറായി വിജയന്‍ തുനിഞ്ഞുവെന്നതില്‍ നിന്നുതന്നെ തന്റെ ഫാസിസ്‌റ്റ് (ജനാധിപത്യ വിരുദ്ധ) നിലപാട്‌ അദ്ദേഹം വ്യക്‌തമാക്കുകയായിരുന്നു. ജനാധിപത്യം, ആവിഷ്‌കാര സ്വാതന്ത്ര്യം തുടങ്ങിയവയെല്ലാം അധികാര കേന്ദ്രങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാകുന്നതു വരെ മാത്രമേ പ്രസക്‌തമാകൂവെന്നര്‍ഥം. ഇവിടെ പാര്‍ട്ടി മാത്രമല്ല നേതൃത്വത്തിന്റെ പിന്‍ബലമുള്ള അണികളും അധികാരകേന്ദ്രമാണ്‌. അവര്‍ക്ക്‌ ഇഷ്‌ടപ്പെടാത്തതു സംസാരിക്കരുത്‌.

സക്കറിയയുടെ ന്യായീകരണങ്ങളൊന്നും ഇവിടെ പ്രസക്‌തമാകുന്നില്ല. സക്കറിയ തന്നെ പറഞ്ഞു: ''കമ്മ്യൂണിസത്തെ മതത്തിനു തുല്യമാക്കി താഴ്‌ത്തിക്കെട്ടുകയാണ്‌' എന്ന്‌. ഇതുതന്നെയാണു പ്രശ്‌നം. ഇതു ചെയ്യുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച വ്യക്‌തിയാണു പിണറായി. ഇപ്പോള്‍ പാര്‍ട്ടിയെന്നാല്‍ സാമൂഹിക നവീകരണത്തിനുള്ള പ്രത്യയശാസ്‌ത്ര പ്രയോഗത്തിനുള്ള ഒരു ഉപാധിയല്ല. മറിച്ച്‌ ഒരുകൂട്ടം 'വിശ്വാസി'കളുടെ സംഘടനയാണ്‌. മറ്റൊരു മതമാണ്‌ അല്ല ഗോത്രമാണ്‌. (മതത്തിനു ചില നിലപാടുകളെങ്കിലുമുണ്ട്‌. ഗോത്രത്തിനതുമില്ല!) ഗോത്രനേതാവിനെ അനുസരിക്കുന്നതാണ്‌ അച്ചടക്കം. ഇതുതന്നെയാണു മനോജിന്റെ പ്രശ്‌നത്തിലും കാണുന്നത്‌. ഒരു മതവിശ്വാസിക്കു മറ്റൊരു മത (ഗോത്ര) സംഘടനയില്‍ അംഗമായി തുടരാനാകില്ല. രാജിവച്ച ഡോ. മനോജിനെ (കെ.ടി. മുഹമ്മദിന്റെ നാടകത്തില്‍ പറയുന്ന ''തൂങ്ങിച്ചാവാന്‍ ശ്രമിച്ച കുറ്റത്തിനു തൂക്കിക്കൊല്ലാന്‍ വിധിച്ചതു''പോലെ) പാര്‍ട്ടി പുറത്താക്കി. മനോജിന്റെ വിശദീകരണത്തേക്കാള്‍ സമൂഹത്തിനു പ്രധാനമാണു പിണറായി വിജയന്റെ നിലപാട്‌.

പാര്‍ട്ടി മതവിശ്വാസത്തിനെതിരല്ലെന്നും മനോജ്‌ രാജിവയ്‌ക്കുക വഴി ആ വിഭാഗത്തെ പാര്‍ട്ടിക്കെതിരാക്കുവാന്‍ കഴിയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞത്‌ അദ്ദേഹത്തിന്റെ ദൃഷ്‌ടിയില്‍ ന്യായമാണ്‌. ''മതന്യൂനപക്ഷങ്ങള്‍ അകന്നുപോയതിനാലാണു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കു പരാജയമുണ്ടായതെന്നു'' കേന്ദ്ര നേതൃത്വം തന്നെ വിലയിരുത്തിയതാണല്ലോ. മനോജ്‌ സ്‌ഥാനാര്‍ഥിയായിട്ടും ഇതു സംഭവിച്ചുവെന്നര്‍ഥം. പക്ഷേ, ഇവിടെ പ്രശ്‌നം മതമാണെന്നു വരുത്തിത്തീര്‍ക്കാനാണു പിണറായി വിജയനും (മനോജിനേപ്പാലെ) ശ്രമിക്കുന്നത്‌. എന്നാല്‍, സത്യത്തില്‍ പ്രശ്‌നം രാഷ്‌ട്രീയമാണ്‌.

കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി കേരളത്തില്‍ വളര്‍ന്നുവന്ന കാലത്തു ചില ജനവിഭാഗങ്ങളില്‍ (സവര്‍ണര്‍, മതന്യൂനപക്ഷങ്ങള്‍) അവര്‍ക്കു താരതമ്യേന സ്വാധീനം കുറവായിരുന്നു. ഈ ദൗര്‍ബല്യം മറികടക്കാന്‍ തെരഞ്ഞെടുപ്പുകളില്‍ ചില നയങ്ങള്‍ സ്വീകരിച്ചിട്ടുമുണ്ട്‌. 1957-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയിലെ സ്‌ഥാനാര്‍ഥിപ്പട്ടിക തയാറാക്കപ്പെട്ട സന്ദര്‍ഭത്തിലെ ഒരു സംഭവം ഓര്‍ക്കാം. മണലൂര്‍ മണ്ഡലത്തില്‍ സ്‌ഥാനാര്‍ഥിയായി പാര്‍ട്ടി നിര്‍ദേശിച്ച കെ.പി. പ്രഭാകരന്‍ (അന്തിക്കാട്ടെ വിപ്ലവ നേതാവും മന്ത്രി കെ.പി. രാജേന്ദ്രന്റെ പിതാവും) ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടു തന്നേക്കാള്‍ മെച്ചപ്പെട്ട ജയസാധ്യതയുള്ള ഒരു സ്‌ഥാനാര്‍ഥിയുടെ പേരു നിര്‍ദേശിച്ചു (ഇന്നിങ്ങനെ ചിന്തിക്കാന്‍ പോലുമാകില്ല!). പ്രൊഫ. ജോസഫ്‌ മുണ്ടശേരിയായിരുന്നു അത്‌.

സാഹിത്യത്തില്‍ ഇ.എം.എസിന്റെ നിലപാടുകളെ നേര്‍ക്കു നിന്നെതിര്‍ത്ത വ്യക്‌തിയാണു മുണ്ടശേരി. എന്നിട്ടും പാര്‍ട്ടി അതംഗീകരിച്ചു. മാഷ്‌ ജയിച്ചു. അഞ്ചു സ്വതന്ത്രരുടെ പിന്തുണയോടെയാണു കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരത്തിലെത്തിയത്‌. മന്ത്രിമാരായ വി.ആര്‍. കൃഷ്‌ണയ്യര്‍, ഡോ. എ.ആര്‍. മേനോന്‍, ചെങ്ങളത്ത്‌ രാമകൃഷ്‌ണപിള്ള (ഹരിപ്പാട്‌), പി.കെ. കോരുത്‌ (ഗുരുവായൂര്‍) എന്നിവരായിരുന്നു മറ്റു നാലുപേര്‍. വിദ്യാഭ്യാസമന്ത്രിയായ മുണ്ടശേരിയും ആരോഗ്യമന്ത്രിയായ ഡോ. മേനോനും ജലവിഭവ-നിയമമന്ത്രിയായ വി.ആര്‍. കൃഷ്‌ണയ്യരും എത്ര പ്രഗത്ഭരായിരുന്നു എന്നു പറയേണ്ടതില്ലല്ലോ.

ഈ സര്‍ക്കാരിനെ മറിച്ചിടാന്‍ എല്ലാ അടവും പ്രയോഗിക്കുന്നതിന്റെ ഭാഗമായി സ്വതന്ത്രാംഗമായ രാമകൃഷ്‌ണപിള്ളയെ ഏതെങ്കിലും വിധത്തില്‍ സ്വാധീനിക്കാന്‍ മന്നത്തു പത്മനാഭന്‍ തന്നെ നേരിട്ടു രംഗത്തു വന്നു. മന്നത്തിനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടു തന്നെ, രാമകൃഷ്‌ണപിള്ള അതു നിരസിച്ചു. ''അഞ്ചുവര്‍ഷം വരെ ഇവരെ എതിര്‍ക്കാനാവില്ല'' എന്നു തറപ്പിച്ചു പറഞ്ഞു. പിന്നീടു രാമകൃഷ്‌ണറാവുവെന്ന ഗവര്‍ണര്‍ സ്വതന്ത്ര എം.എല്‍.എ.മാരെ നേരിട്ടു വിളിച്ച്‌ ഇതുതന്നെ ആവശ്യപ്പെട്ടപ്പോള്‍ ''ഞാന്‍ ഒരു അച്‌ഛനു പിറന്നവനാണ്‌'' എന്നു പറഞ്ഞുകൊണ്ട്‌ ആ തറവാടി നായര്‍പ്രമാണി 'ഇറങ്ങിപ്പോന്നത്രേ! കോരുതു മാഷ്‌ ഗവര്‍ണറെ കാണാന്‍ പോയതു തന്നെ കാറില്‍ ചുവന്ന കൊടി കെട്ടിക്കൊണ്ടാണ്‌.

പിന്നീടു പല പ്രാവശ്യവും എതിര്‍പക്ഷത്തു നില്‍ക്കുന്നവരെ കൂടെ കൊണ്ടുവരാന്‍ പാര്‍ട്ടി ഇതേ നയം പ്രയോഗിച്ചിട്ടുണ്ട്‌. വിമോചന സമര നായകനായിരുന്ന ഫാദര്‍ വടക്കനെ മരണം വരെ കമ്മ്യൂണിസ്‌റ്റു സഹയാത്രികനാക്കിയത്‌ അമരാവതിയിലെ കര്‍ഷക സമരമാണല്ലോ. സോഷ്യലിസ്‌റ്റ് നേതാവായിരുന്ന മത്തായി മാഞ്ഞൂരാന്റെ സ്‌ഥിതിയും വ്യത്യസ്‌തമായിരുന്നില്ല. ഇടതുപക്ഷ സ്വതന്ത്രരായി തെരഞ്ഞെടുപ്പില്‍ നിര്‍ത്തി വിജയിപ്പിച്ച ലോനപ്പന്‍ നമ്പാടന്‍, ടി.കെ. ഹംസ തുടങ്ങിയവരുമുണ്ട്‌.

കോണ്‍ഗ്രസിനെ പിളര്‍ത്തി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ പാര്‍ട്ടിക്കാരനെപ്പോലെ കൂടെ കൊണ്ടുനടക്കുന്നുണ്ട്‌. എന്നാല്‍, 1990-കള്‍ മുതല്‍ ഈ അടവുനയത്തില്‍ കാര്യമായ വ്യതിയാനം വന്നതായി കാണാം. പാര്‍ട്ടിക്കൊപ്പം വന്നവരെ ഇടതുപക്ഷ രാഷ്‌ട്രീയം സ്വാധീനിക്കുകയും അവരെ ആ പക്ഷത്ത്‌ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യാന്‍ പാര്‍ട്ടിക്കു കഴിഞ്ഞിരുന്നു. ജനപക്ഷം ഭൂരിപക്ഷ പ്രവര്‍ത്തനങ്ങളിലൂടെ ഇവരുടെ വിഭാഗം ജനങ്ങളെ പാര്‍ട്ടിയോട്‌ അടുപ്പിക്കാനുള്ള ഒരു വഴിയായി ഇവര്‍ പ്രവര്‍ത്തിച്ചുപോന്നിരുന്നു.

അധികാര കേന്ദ്രങ്ങളും മതങ്ങളും പല മാധ്യമങ്ങളും കമ്മ്യൂണിസ്‌റ്റുകാരെ ഭീകരരും മതവിരുദ്ധരും ദൈവവിരുദ്ധരുമായി ചിത്രീകരിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ ജോലി കിട്ടുകയെന്നതു കമ്മ്യൂണിസ്‌റ്റ് അനുഭാവികള്‍ക്കു ദുഷ്‌കരമായിരുന്നു. എന്നിട്ടും പാര്‍ട്ടിക്കൊപ്പം പാറപോലെ ഉറച്ചുനിന്നവരായിരുന്നു ഇവര്‍.

എന്നാല്‍, 90-കള്‍ മുതല്‍ കാര്യങ്ങള്‍ മാറി. ഈ മാറ്റം പാര്‍ട്ടിക്കകത്തു തന്നെ ഉണ്ടായതാണ്‌. അതു പുറത്തു നിന്നുള്ളവരേയും ബാധിച്ചുവെന്നു മാത്രം. അതിനുമുമ്പു കാലുമാറ്റമെന്നത്‌ ഒരു കമ്മ്യൂണിസ്‌റ്റ് അംഗത്തിന്‌ ആലോചിക്കാന്‍ പോലും കഴിയില്ലായിരുന്നു. പാര്‍ട്ടി പിന്തുണയോടെ ജയിച്ച സ്വതന്ത്രര്‍ പോലും മാറില്ലായിരുന്നു. എന്നാല്‍, ഇന്നത്തെ അവസ്‌ഥയെന്താണ്‌? ലോക്‌സഭാ സ്‌പീക്കറും പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി അംഗവുമായിരുന്ന സോമനാഥ്‌ ചാറ്റര്‍ജിക്ക്‌ ആണവക്കരാറും അമേരിക്കന്‍ ദാസ്യവും പ്രശ്‌നമല്ലാതായില്ലേ? ഇന്നു കേരളത്തിലെ ഒരു പഞ്ചായത്തില്‍ അധികാരം നേടാന്‍ ഏറ്റവും തരം താഴ്‌ന്ന അടവുകള്‍വരെ പ്രയോഗിക്കുന്നതിനു പാര്‍ട്ടിക്കു യാതൊരു മടിയുമില്ല. മറ്റു കക്ഷികള്‍ വ്യത്യസ്‌തരാണെന്നല്ല. എന്നാല്‍, കമ്മ്യൂണിസ്‌റ്റുകാര്‍ വ്യത്യസ്‌തരായിരുന്ന അവസ്‌ഥ മാറിയെന്നു മാത്രം. പലരും രാഷ്‌ട്രീയാഭിപ്രായ വ്യത്യാസങ്ങള്‍ മൂലം പാര്‍ട്ടി വിട്ടുപോയിട്ടുണ്ട്‌. അതൊക്കെ ചില നയങ്ങളുടെ പേരിലായിരുന്നു. എന്നാല്‍, ഇന്ന്‌ അത്തരം താത്വിക വ്യാഖ്യാനങ്ങളൊന്നുമില്ല.

വ്യത്യസ്‌തത പറയാന്‍ തക്കവണ്ണം പാര്‍ട്ടിക്കൊരു നിലപാടുണ്ടെങ്കിലല്ലേ ഇതു സാധ്യമാകൂ.

തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി മാത്രമായിരുന്നില്ല മുമ്പിങ്ങനെ ചെയ്‌തിരുന്നത്‌, പാര്‍ട്ടിയുടെ അടിത്തറ വികസിപ്പിക്കാന്‍ കൂടിയാണ്‌. എന്നാല്‍, ഇന്ന്‌ ഒരു തെരഞ്ഞെടുപ്പിലെ കുറെ വോട്ടു മാത്രമാണു പ്രശ്‌നം. ചില കക്ഷികളുമായി കൂട്ടുചേരുന്നതടക്കം യാതൊരു ന്യായീകരണവുമില്ലാതെയാണ്‌. എല്ലാ നിലപാടുകളും ബലികഴിക്കാന്‍ തയാറാകുന്നു. പാര്‍ട്ടിക്കകത്തു തന്നെ ഒരു സീറ്റിനുവേണ്ടി നടത്തുന്ന കടുപിടികള്‍ ഇന്നൊരു രഹസ്യമല്ല. ഒട്ടനവധി പാര്‍ട്ടി റിബലുകള്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവരുന്നുണ്ടല്ലോ.

അടുത്തകാലത്തായി ജയിക്കാന്‍ വേണ്ടി ഇടതുപക്ഷം രംഗത്തിറക്കിയ സ്‌ഥാനാര്‍ഥികളെ ഒന്നു വിലയിരുത്തുക (ഇതു പാര്‍ട്ടി സ്‌ഥാനാര്‍ഥികള്‍ക്കും ബാധകമാണെങ്കിലും തല്‍ക്കാലം പുറത്തുനിന്നുള്ളവരുടെ മാത്രം കാര്യം). വയനാടു ജില്ലയിലെ മണ്ഡലങ്ങളില്‍ ഇടതുപക്ഷ സ്വാധീനം കുറവാണെന്നതിനാല്‍ അതു പിടിക്കാന്‍ സുല്‍ത്താന്‍ബത്തേരിയില്‍ പാര്‍ട്ടി രംഗത്തിറക്കിയ ഒരു സ്‌ഥാനാര്‍ഥിയായിരുന്നു ഫാ. മത്തായി നൂറനാല്‍. കേരളത്തില്‍ ഏറെ സ്വാധീനമുള്ള ഒരു സഭയുടെ മാനേജിംഗ്‌ കമ്മിറ്റി അംഗമാണെന്നതാണു പാര്‍ട്ടി അദ്ദേഹത്തില്‍ കണ്ട യോഗ്യത. എന്‍.സി. അപ്പച്ചനെന്ന കോണ്‍ഗ്രസുകാരനോട്‌ ഇദ്ദേഹം തോറ്റത്‌ കാല്‍ലക്ഷത്തിലേറെ വോട്ടിന്‌. ഇദ്ദേഹത്തിന്റെ ജനസമ്മതിയും നിലപാടുകളുടെ സ്വഭാവവും അറിയാന്‍ വയനാട്ടില്‍ ഒന്നന്വേഷിച്ചാല്‍ മതിയായിരുന്നു.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അതേ മണ്ഡലത്തില്‍ പാര്‍ട്ടി സ്‌ഥാനാര്‍ഥി കൃഷ്‌ണപ്രസാദ്‌ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുകയും ചെയ്‌തു. വലതുപക്ഷ കോട്ടയായറിയപ്പെടുന്ന എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ മാണി വിതയത്തിലിനെ സ്‌ഥാനാര്‍ഥിയാക്കിയതിനുള്ള ഏക ന്യായീകരണം, അദ്ദേഹം ഒരു കത്തോലിക്കാ ബിഷപ്പിന്റെ കുടുംബത്തില്‍പ്പെട്ടയാളായിരുന്നു എന്നതു മാത്രം. ആ തെരഞ്ഞെടുപ്പില്‍ ജോര്‍ജ്‌ ഈഡന്‍ ഒന്നേകാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ചു. ഇതില്‍നിന്നും വ്യത്യസ്‌തമായി വന്ന ഒരാള്‍ ഡോ. സെബാസ്‌റ്റ്യന്‍പോളായിരുന്നു. ഉപതെരഞ്ഞെടുപ്പുകളിലെ പ്രത്യേക രാഷ്‌ട്രീയ സാഹചര്യത്തിനപ്പുറം അദ്ദേഹത്തിനുണ്ടായിരുന്ന ഒരു പൊതു സ്വീകാര്യതയും വിജയകാരണമായിരുന്നു.

ഇതിനുശേഷമാണ്‌ ഡോ. മനോജും അബ്‌ദുള്ളക്കുട്ടിയും സ്‌ഥാനാര്‍ഥികളാകുന്നത്‌. വിദ്യാര്‍ഥി യുവജന പ്രസ്‌ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച്‌ പാര്‍ട്ടിയിലേക്കു വന്നയാളാണ്‌ അബ്‌ദുള്ളക്കുട്ടി. എന്നിട്ടും വികസനം സംബന്ധിച്ചു മാത്രമല്ല നരേന്ദ്രമോഡിയുടെ വികസനം സംബന്ധിച്ചുപോലും ഇത്തരമൊരു നിലപാടുണ്ടായത്‌ പെട്ടെന്നൊരു ദിവസമാണോ? ഇക്കാലമത്രയും പാര്‍ട്ടിയില്‍ എങ്ങനെ അംഗമായി? പ്രവര്‍ത്തിച്ചു? ഇത്‌ അബ്‌ദുള്ളക്കുട്ടിയുടെ മാത്രം പ്രശ്‌നമല്ലായെന്നു മനസിലാക്കണം. എം.പിയായി മാധ്യമശ്രദ്ധ കിട്ടിയതിനാല്‍ അബ്‌ദുള്ളക്കുട്ടി തുറന്നുപറഞ്ഞുവെന്നു മാത്രം.

ഒട്ടുമിക്ക വിദ്യാര്‍ഥി യുവജന നേതാക്കള്‍ക്കും ഇതേ നിലപാടാണുള്ളത്‌. സ്‌ഥാനഭയംമൂലം തുറന്നുപറയില്ലെന്നു മാത്രം. പഴയകാല കമ്യൂണിസ്‌റ്റ് നേതാക്കളെ മോശമായ രീതിയില്‍ പരാമര്‍ശിച്ചുവെന്നതാണല്ലോ പിണറായി സക്കറിയയില്‍ ആരോപിക്കുന്ന വലിയ കുറ്റം.

എന്നാല്‍ തങ്ങളുടെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ, ആര്‍ഭാടത്തിലൂടെ, അഴിമതിയിലൂടെ, ജനകീയ സമരങ്ങളോടുള്ള സമീപനത്തിലൂടെ ഇന്നത്തെ ഒട്ടുമിക്ക നേതാക്കളും പഴയ നേതാക്കളെ അനുദിനം അപമാനിച്ചുകൊണ്ടിരിക്കുകയല്ലേ? (അന്നത്തെ മണ്ടന്മാര്‍ ജീവിച്ചതുപോലെ) പരിപ്പുവടയും കട്ടന്‍ചായയും മറ്റുംകൊണ്ട്‌ ഇന്നു പാര്‍ട്ടി പ്രവര്‍ത്തനം നടത്താനാവില്ലെന്നു തുറന്നുപറയുന്നു. നാലു കാശുണ്ടാക്കാന്‍ കഴിവുള്ള സാന്റിയാഗോ മാര്‍ട്ടിന്‍ മുതല്‍ ഫാരിസ്‌ അബൂബക്കര്‍വരെയുള്ളവരാണ്‌ മാതൃക. മരിച്ചുപോയ സഖാക്കളുടെ പ്രതിമകള്‍ മാലചാര്‍ത്താനുള്ളവയാണ്‌.

അബ്‌ദുള്ളക്കുട്ടിയുടേയും മനോജിന്റെയും മതവിശ്വാസമൊന്നുമല്ല പ്രശ്‌നം. ഇവരും പാര്‍ട്ടിയും ഇതാണെന്നു പറയുന്നത്‌ കേവലം ഒഴികഴിവു മാത്രം. സത്യം മറച്ചുപിടിക്കാനുള്ള ശ്രമം. ആലപ്പുഴയിലെ ഒട്ടനവധി നേതാക്കളെ ഒഴിവാക്കി ഡോ. മനോജിനെ സ്‌ഥാനാര്‍ഥിയാക്കുക വഴി (പിണറായിയുടെ ഭാഷയില്‍ ഒരു അരപ്പാതിരി) എന്താണ്‌ പാര്‍ട്ടി ലക്ഷ്യമാക്കിയത്‌?

പാര്‍ട്ടിക്ക്‌ ഇക്കാലമത്രയും സ്വാധീനിക്കാന്‍ കഴിയാതിരുന്ന ക്രിസ്‌തുമതവിശ്വാസികളുടെ വോട്ടുകൂടി മനോജിനു കിട്ടുമെന്ന മോഹം മാത്രം. ഇത്രയുംകാലം നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ ജനപക്ഷ നിലപാടുകളിലൂടെ ഇക്കൂട്ടരെ സ്വാധീനിക്കാനാവില്ലെന്നു പാര്‍ട്ടി തിരിച്ചറിഞ്ഞുവെന്നര്‍ഥം. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കൊന്നും പാര്‍ട്ടിക്കു സമയമില്ല.

ഇതൊരു എളുപ്പവഴിയാണ്‌. പാര്‍ട്ടി വോട്ടും പിന്നെക്കുറെ ക്രിസ്‌ത്യന്‍ വോട്ടും നേടി ജയിക്കുക (ആ തെരഞ്ഞെടുപ്പില്‍ മനോജ്‌ ജയിച്ചപ്പോള്‍ ഉണ്ടായ ഒരു ദുരന്തം- കരിമണല്‍ ലോബിക്കും കുഞ്ഞാലിക്കുട്ടിയാദികള്‍ക്കും വി.എം. സുധീരനെ തോല്‍പിക്കാനായി എന്നത്‌ മാത്രം- ബാക്കിയായി). മനോജിലൂടെ ആ ജനവിഭാഗങ്ങളെ ഇടതുപക്ഷത്തേക്കു കൊണ്ടുവരികയെന്നതായിരുന്നു ലക്ഷ്യമെങ്കില്‍ ചുരുങ്ങിയത്‌ മനോജിനെയെങ്കിലും ഇടതുപക്ഷവത്‌കരിക്കണമായിരുന്നു.

എന്നാല്‍ സുനാമി പുനരധിവാസഫണ്ടുപോലും ശരിക്കും വിനിയോഗിക്കാത്ത ഒരു ഭരണകൂടത്തിനെന്ത്‌ ഇടതുപക്ഷ നിലപാട്‌? മനോജ്‌ എങ്ങനെ സി.പി.എം. അംഗമായി? എങ്ങനെ തുമ്പോളി ലോക്കല്‍ കമ്മിറ്റി അംഗമായി? പാര്‍ട്ടി കമ്മിറ്റി അംഗത്വത്തിനു വേണ്ട യോഗ്യതയെന്താണ്‌? എന്തായിരിക്കണം ആ സഖാവിന്റെ പ്രത്യയശാസ്‌ത്ര നിലപാട്‌? ജനകീയ വീക്ഷണം? ഇതൊന്നും പരിഗണിക്കപ്പെട്ടില്ലെന്നതിലൂടെ ഇതു കേവലം മനോജിന്റെ മാത്രം പ്രശ്‌നമല്ലെന്നുവരുന്നു.

ഓരോ സമിതികളില്‍ ഒരാള്‍ ഇന്ന്‌ അംഗമാക്കപ്പെടുന്നത്‌, ആ സഖാവിന്റെ അറിവോ നിലപാടുകളോ ജനങ്ങളിലെ സ്വാധീനമോ ഒന്നും പരിഗണിച്ചല്ലായെന്നതാണ്‌ സത്യം. മറിച്ച്‌ നേതൃത്വത്തിന്റെ സ്വാധീനമാണ്‌. പാര്‍ട്ടി നേതാക്കളോടുള്ള കൂറു മാത്രമാണ്‌. (ഇതിനെ വിഭാഗീയത എന്നു പറയുന്നതിനര്‍ഥമില്ല. പ്രത്യയശാസ്‌ത്രമോ നിലപാടോ ഇല്ലാതായാല്‍ ഏതു കക്ഷിയിലും പിന്നെ ഇതാണുണ്ടാകുക എന്ന കോണ്‍ഗ്രസിന്റെയടക്കം അനുഭവം ഓര്‍ക്കുക). ജനങ്ങളുടെ ശത്രുപക്ഷത്താണ്‌ പാര്‍ട്ടി നേതാക്കള്‍, ഒട്ടുമിക്ക ജനകീയ സമരമുഖങ്ങളിലും എന്നു കാണാം.

മുകളിലുള്ള നേതാവുമായി അടുപ്പവും അഴിമതിയിലെ പങ്കുകച്ചവടവുമുണ്ടെങ്കില്‍ സ്‌ഥാനമുറപ്പിക്കാം. പാര്‍ട്ടിയിലെ ഏതുതലംവരെയും ഉയരാം (ഒട്ടനവധിപേരുടെ പെട്ടെന്നുള്ള വളര്‍ച്ചയുടെ പിന്നാമ്പുറകഥകള്‍ ഇന്ന്‌ അങ്ങാടിപ്പാട്ടാണ്‌). അഴിമതിയുടെ ഒരു പരസ്‌പര സഹായ സംഘം മാത്രമായി പാര്‍ട്ടി. അവിടെ പ്രത്യയശാസ്‌ത്ര ചര്‍ച്ച നടത്തിക്കളയാന്‍ സമയമില്ല.

പാര്‍ട്ടിയിലെ അംഗങ്ങളെ ചേര്‍ത്തു നിര്‍ത്തിയിരുന്നത്‌ പ്രത്യയശാസ്‌ത്രത്തിന്റെ പശയായിരുന്നു. എന്നാല്‍ ഇന്നത്‌ അഴിമതിയുടെ ഫെവിക്കോളാണ്‌. ആര്‍ക്കും പ്രത്യയശാസ്‌ത്ര ബാധ്യതകളില്ലാത്തതിനാല്‍ത്തന്നെ എങ്ങോട്ടു പോകാനും പ്രശ്‌നമില്ലാതായിരിക്കുന്നു. ഇതിനിടയില്‍ മതവും വിശ്വാസവും ഒന്നും കൊണ്ടുവരേണ്ട കാര്യമില്ല.

മറിച്ച്‌ രാഷ്‌ട്രീയമില്ലാത്തിടത്ത്‌ മതവിശ്വാസമുപയോഗിച്ച്‌ സ്‌ഥാനങ്ങള്‍ നേടാനുള്ള ഇടതുപക്ഷതന്ത്രത്തിന്റെ ദയനീയ പരാജയമായി ഈ രാജികളെ കണ്ടാല്‍ മതി.

-സി.ആര്‍.നീലകണ്‌ഠന്‍ മംഗളം ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍നിന്ന്

0 comments:

Post a Comment